Wednesday, October 31, 2007

ചാഞ്ഞു പെയ്യുന്ന മഴ

വൃദ്ധന്റെ പ്രണയം
ചാഞ്ഞു പെയ്യുന്ന
മഴ പോലെയാണ്
അതു പുല്‍തുമ്പുകളെ
ഈറനാക്കുന്നു.
പക്ഷെ, വേരുകളിലേ-
ക്കീറങ്ങിച്ചെല്ലുന്നില്ല.
മരക്കൊമ്പുകളെ
ആട്ടിയുലയ്ക്കുന്നില്ല,
പ്രകമ്പനം കൊള്ളിക്കുന്നതുമില്ല
അതു ശരക്കണ്ണീര്‍
പൊഴിച്ചു കൊണ്ട്‌
മണ്ണിന്റെ ഉപരിതല-
ങ്ങളെ സ്പര്‍ശിക്കുന്നു;
എന്നാല്‍, ഭൂഗര്‍ഭ
നിഗൂഢതകളിലേ-
ക്കാഴ്ന്നിറങ്ങും മുമ്പ്‌
പെയ്തു മടങ്ങുന്നു
നിലാവിറങ്ങാത്ത രാത്രിയില്‍,
കടല്‍ത്തീരത്തെ നനഞ്ഞ
മണല്‍പ്പുറത്ത്‌,
ചീറിയടിക്കുന്നതണുത്ത
ഉപ്പുകാറ്റിനഭിമുഖമായിരുന്ന്‌,
ഞാനെന്റെ കാമുകനോട്‌ പറഞ്ഞു,
“പ്രഭോ,നമുക്കിനി
ശൈത്യരാവുകളുടെ
അന്ത്യയാമങ്ങള്‍ വേണ്ട;
ക്രോധാരവത്തോടെ വിശിയലറുന്ന
സമുദ്രവാതങ്ങളും വേണ്ട.
(കാറ്റിന്റെ ഖഡ്ഗം
നിഷ്ഠൂരമായ് പ്രഹരിക്കുമ്പോള്‍
നിന്റെ നെഞ്ചിനുള്ളിലെ
തകര്‍ന്ന വിജാഗിരികള്‍
കരയുന്ന ശബ്ദം,
എന്നെ ഖിന്നയാക്കുന്നു).
നേരിയ ചൂടു തങ്ങി നില്‍ക്കുന്ന
പ്രഭാതങ്ങളില്‍,
നമുക്കു ശവകുടീരങ്ങളിലെ
ചാരു ബെഞ്ചുകളില്‍
നിശ്ശബ്ദരായിരുന്ന്
ബദാം മരത്തിന്റെ പഴുത്തി-
ലകള്,ളടര്‍ന്നു വീഴുന്നതും
കല്ലറകളുടെ തണുത്ത
പ്രതലങ്ങളില്‍ കാതു ചേര്‍ത്ത്‌
ആത്മാക്കള്‍, പതിഞ്ഞ സ്വരത്തില്‍
പിറുപിറുക്കുന്നതും
കേട്ടുകൊണ്ടിരിക്കാ.”
കുന്നുകളാരംഭിക്കുന്നിടത്ത്‌
വിഷണ്ണനായി നില്‍ക്കുന്ന
പ്രഭുവിനോട്‌ ഞാന്‍ പറഞ്ഞു,
“ഓമനേ, ഈ ഗിരിശൃംഗങ്ങളെ
എങ്ങനെ മറികടക്കാം
ഏതു മൃതസഞ്ജീവനി
പകര്‍ന്നു നല്‍കി,
തളര്‍ന്ന യോദ്ധാവിനെ
അശ്വാരൂഢനാക്കാം,
എന്നോര്‍ത്തു വ്യഥിതനാവാതെ,
എന്റെ വലം കൈ ഗ്രഹിക്കുക
നമുക്കു ആയാസ രഹിതമായ
താഴവരകളിലൂടെ സഞ്ചരിക്കുക:
തളരുമ്പോള്‍ ,സാല വൃക്ഷങ്ങളുടെ
തണലുകളില്‍ വിശ്രമിക്കുക......”
പ്രഭു, എന്റെ,യധരത്തില്‍
ചുണ്ടമര്‍ത്തുമ്പോള്‍
മൃത്യുവിന്റെ ഭീതിജനകമായ തണുപ്പ്‌
തേരട്ടക്കാലുകളുമായി
എന്നിലേക്കരിച്ചിറങ്ങുന്നു
കാമത്തിന്റെ കൊടുങ്കാറ്റുകളെ
ചിറകുകളിലൊതുക്കി നിര്‍ത്തി,
എന്നെ ആലിംഗനം ചെയ്യവേ,
സുഗന്ധ ലേപനങ്ങള്‍ക്കുമപ്പുറം,
തലതിരിച്ചലുണ്ടാക്കുന്ന,
പ്രാചീനതയുടെ ചൂര്....
പണ്ടെങ്ങോ പരിചിതമായിരുന്ന,
പഴുപ്പധികമായ,
കലവറപഴക്കുലകളുടെ
പൂതലിച്ച ഗന്ധം...
(ബന്ധനസ്ഥനായ പക്ഷിയുടെ
അവസാനത്തെ പിടച്ചില്‍ പോലെ,
നിന്റെ ശ്വാസകോശങ്ങള്‍
കിതച്ചു തളരുന്നത്‌
ഞാന്‍ വ്യാകുലതയോടെ കേള്‍ക്കുന്നു).
ചക്രവാളങ്ങള്‍ക്കപ്പുറത്തു നിന്നും
പ്രചണ്ഡവാതങ്ങള്‍
പുറപ്പെട്ടതറിഞ്ഞ്‌
തലയ്ക്കു മുകളില്‍, ഇരുള്‍ മഴക്കാറുകള്‍
പടയണി കൂട്ടുന്നതറിഞ്ഞ്‌
നെഞ്ഞത്തെ വെളുത്ത
രോമക്കാടുകളില്‍ മുഖമൊളിപ്പിച്ച്‌
വിഹ്വലതയോടെ ഞാന്‍ പറഞ്ഞു
“അച്ഛാ, അങ്ങെന്റെ നെറ്റിമേല്‍
അമര്‍ത്തി ചുംബിക്കുക.
ഇതാ, കുളിര്‍ന്നു വിറയ്ക്കുന്നൊരു
കുരികില്‍ പക്ഷി!
നിന്റെ പ്രാണനി,ലവശേഷിക്കുന്ന
അവസാനത്തെ കനല്‍ക്കട്ടകള്‍
പെറുക്കിക്കൂട്ടി, നീയിതിനു
ചൂടു പകരുക...
സ്നേഹവാത്സല്യങ്ങളുടെ താതാ,
അങ്ങെന്നെ ഹൃദയത്തോടു
ചേര്‍ത്തു പിടിക്കുക.
സമസ്ത ഭീതികളില്‍ നിന്നും
പരിരക്ഷിക്കുക.....!”

{ ചാഞ്ഞു പെയ്യുന്ന മഴ.... റോസ്‌ മേരി...........................ഡിസി ബൂക്സ്‌ ആണ് പ്രസാധകര്‍......................
മുഖപടം,ഒരു പുരാവൃത്തം, വെള്ളില്‍ പക്ഷിയുടെ വീട്‌ ,തുടങ്ങി ഇരുപത്‌ മനോഹര കവിതകളുടെ കോളാഷ്‌ ആണീ കവിതാ സമാഹാരം.ഹൃദയത്തിന്റെ,മൂകമായ മനസ്സിന്റെ, അസ്വസ്ഥതയുടെ, കഠിന ശയ്യയായി ഈ കവിതകള്‍ മാറുന്നു.}

പക്ഷികളുടെ കടല്‍

ആദ്യം കടല്‍
കാണണമെന്നായിയിരുന്നു
നീലഞരമ്പുകളുണര്‍ന്ന്‌
ശ്വാസങ്ങളുടെ വിടവിലേക്കു പോലും
കടലിനെ വരുത്തിച്ചു
പിന്നെ,
കടല്‍ മുറിച്ചുകടക്കുന്ന
പക്ഷിച്ചിറകിനായി വാശി
ഒന്നിളക്കിയാല്‍
പിടിവിട്ട്‌
പറന്നു കളയുമെന്ന്‌
പ്രണയം പറഞ്ഞില്ലായിരുന്നു

(അനു: കേരള കവിതകള്‍ 2005)

Tuesday, October 30, 2007

ഇരുട്ടിലെ നഗ്നത

നാദിറേ,

എന്റെ കുട്ടിക്കാലത്തിന്റെ

ഓര്‍മ്മയില്‍

മണ്ണും ചേറും കഴുകി

വൃത്തി വരുത്തിയ

കൈവെള്ളയില്‍

മയിലാഞ്ചിച്ചിത്രങ്ങള്‍ പോലെ

തെളിഞ്ഞേ നില്‍ക്കുന്നവളേ,

നിനക്കുള്ള

ഈ സ്മരണാഗീതം

കുഞ്ഞിച്ചെവിയില്‍

നീ മൂളിത്തരാറുണ്ടായിരുന്ന

ആ ഒപ്പനപ്പാട്ടുകളുടെ

താളത്തിലെഴുതാനാണെനിക്കിഷ്ടം

വാക്കുകള്‍

വാക്കുകളാക്കി

വേറിട്ടെടുക്കാനാവാത്ത

അതേ താളപ്പറച്ചിലില്‍

വിരുത്ത ഭംഗികളൊക്കെയും

നഷ്ടപ്പെട്ട,

ഒറ്റമഴച്ചാറ്റിലൊരായിരം

മുകുളങ്ങള്‍

പൊടിച്ചുയരുമായിരുന്ന

നനുത്തമേല്‍മണ്ണൊക്കെയും

കുത്തിയൊലിച്ചടിയില്‍
ബാക്കിയാവുന്ന

മരിച്ച കല്‍പ്പരപ്പുകള്‍പോലെ

വികൃതമായ

എന്റെ

ഭാഷയെ

പ്രിയപ്പെട്ടവളേ

എല്ലാതോല്‍ വികളേയും

പൊറുത്തു തന്നതു പോലെ

നീ പൊറുത്തു തരിക.

പഞ്ചാരമണല്‍പ്പരപ്പിലെ
ഇലഞ്ഞിമണം
കോര്‍ത്തു കെട്ടിയ മാല
അക്ബറലി,
സുദേവന്‍,
രാഹുലന്‍ ഞാനും
കൂട്ടം ചുറ്റി നിന്ന്‌
നിന്റെ കഴുത്തിലണിയിച്ചു
ഞങ്ങള്‍ നാലു പേര്‍ക്കും
ഒരൊറ്റപ്പെണ്ണ്‌
എന്നിട്ടും
നീയായിരുന്നു മുന്നില്‍
ഉയരത്തില്‍ ചെറുതായിട്ടും
വലുത്‌
ഏറ്റവുമുയരത്തില്‍
മരം കയരിയത്‌
മുങ്ങാംകുഴിയിട്ടേറ്റവും
ദൂരെപ്പോയത്‌
കവണക്കല്ല്‌
ചാറ്റിച്ചെരിച്ചെറിഞ്ഞ്‌
ജലപ്പരപ്പില്‍
ഏറെ തുള്ളീച്ചകള്‍
തുള്ളിച്ചത്‌
പറങ്കിമാങ്ങാത്തോട്ടത്തില്‍
മാങ്ങാ പറിക്കാന്‍ ചെന്നതിന്
ചോദ്യം ചെയ്യാന്‍ വന്ന
പറമ്പു നോട്ടക്കാരന്‍ വാസുവിനെ
എന്തേയ്.. നീയാരാ
ബല്യ നോട്ടക്കാരനോ എന്ന്‌
തിരിഞ്ഞു കൊത്തിയത്‌
കല്യാ ണം കഴിക്കാതെങ്ങനെയാ
അവളു പെറ്റതെന്ന
മഹാ പ്രശ്നത്തെ
കുട്ട്യോളുണ്ടാവാന്‍
കല്യാണമൊന്നും
വേണ്ടെടാ മണ്ടാ
എന്നു തിരുത്തിയത്‌
എന്തോ അതിര്‍ത്തിത്തര്‍ക്കത്തെ
കച്ചറ കൂടണ്ട,
നിങ്ങള്‍ക്കു നാലാള്‍ക്കും കൂടി
ഞാനൊരുത്തി മതിയെന്നു
തണുപ്പിച്ചത്‌
ഞമ്മള്‌ പറേന്നതു കേട്ട്
നടന്നോളീനെന്ന്‌
ഞങ്ങളെ നല്ല പിള്ളമാരാക്കിയത്‌,
എല്ലാ ഇരുട്ടകത്തേക്കും
മുന്നില്‍ നടന്ന്‌ കൂട്ടിക്കൊണ്ടു പോയി
ഞങ്ങളെ
ഭയമില്ലാത്തോരാക്കിയത്‌
പാര്‍ത്തും പതുങ്ങിയും നോക്കണ്ട
നല്ലോണം
കണ്ടോളീനെന്നു
കിന്നാരങ്ങളൊന്നുമില്ലാതെ
അനാവൃതയായത്‌
കാട്ടുതീ
പച്ചമരങ്ങളെയെന്ന പോലെ
ഞങ്ങളെ കത്തിച്ചത്‌
പെരുമഴ പോലെ പെയ്ത്‌
ഞങ്ങളെയണച്ചത്‌
ഉത്സവ പറമ്പില്‍
കടലക്കച്ചോടം ചെയ്തു
കടം വന്നപ്പോള്‍
ഇറച്ചിവെട്ടുകാരന്‍ ഉപ്പയുടെ
പാക്കെട്ടില്‍ നിന്ന്‌
പത്തുറിപ്പിക കട്ടുകൊണ്ടത്തന്ന്‌
ങ്ങളെ ഉമ്മതന്നതാന്ന്‌
കൂട്ടിക്കോളീ എന്ന്`
കുട്ടി പ്രായത്തിനു ചേരാത്ത
വലിയ വര്‍ത്തമാനം പറഞ്ഞ്‌
ഞങ്ങളെ കരയിച്ചത്‌...
നാദിറാ,
നിന്നെയോര്‍ക്കുമ്പോള്‍
ഓര്‍മ്മയുടെ
എത്ര നീര്‍ച്ചാലുകള്‍?


ഇന്നലെ
ബൂര്‍ക്കയുടെ
കറുത്ത മൂടലില്‍ നിന്ന്‌
അടച്ചിട്ടൊരു മുറിയുടെ
ഇരുട്ടില്‍ നിന്നെന്ന പോലെ
നിന്റെ വട്ടക്കണ്ണുകള്‍
എന്നെ നോക്കുന്നു
ഏതിരുട്ടു മുറിക്കും
കെടുത്തുവാനാവാത്ത,
വെളിച്ചം നിറഞ്ഞ
നിന്റെ കണ്ണുകള്‍
അതേ ചിരിയോടെ
അതേ കുസൃതിത്തരങ്ങളോടെ
എടാ പൊട്ടാ,
നി പറയുന്നത്‌
ഞാന്‍ കെള്‍ക്കുന്നു
ഈ കറുത്ത കുപ്പായത്തിനുള്ളിലേ
ഞാനൊന്നുമുടുത്തിട്ടില്ല
(വി ടി ജയദേവന്‍......പച്ചക്കുതിര
പുസ്തകം:3 ലക്കം9

മഴ എന്നെ മറക്കുമ്പോള്‍

ഒരിക്കലും ഞാനുണ്ടായിരുന്നില്ല
മഴ എന്റെ പേരെഴുതിയില്ല
മഴ എന്റെ പേരു മായ്ച്ചതുമില്ല
എങ്കിലും മഴ പെയ്തു കൊണ്ടേയിരുന്നു
പകലി-
രവുകളായി
നാം പങ്കു വയ്ക്കപ്പെട്ട നിമിഷം
ഒരു പേരും ഉച്ചരിക്കാതെ
മഴയിലെന്തോ മറന്നു പോയവരായി നാം

നനഞ്ഞ സായന്തനങ്ങള്‍.
പ്രിയേ, നീ അതിജീവിക്കുന്നതെങ്ങനെ?
ദൈവം, ഭൂമിയില്‍ മറന്നു വച്ച
കാസയില്‍
വിസ്മൃതിയുടെ വീഞ്ഞു പതയുമ്പോള്‍
ഇല്ല ഞാനുണ്ടായിരുന്നില്ല!
മഴയില്‍ എല്ലാം മറക്കപ്പെടും
(2)

വെള്ളത്തിലായിരുന്നു ഓരോ വരയും
താമര, നാലുമണിപ്പൂവിനോടു പറഞ്ഞത്‌
മഴയില്‍ ഞാന്‍ കേട്ടില്ല
നന്ത്യാര്‍വട്ടം റോസാപ്പൂവിനോടു മന്ത്രിച്ചത്‌
മഴയില്‍ ഞാന്‍ കേട്ടില്ല
കരടി മുയലിന്റെ കാതില്‍ കിന്നാരം ചൊല്ലിയത്‌
മഴയില്‍ ഞാന്‍ കേട്ടില്ല
ശരിയായിരുന്നു
ഭൂമിയില്‍ ഞാനില്ലായിരുന്നു

(3)
മറക്കുവാന്‍ ,ഞാന്‍ മഴയില്‍
മലര്‍ന്നു ശയിക്കുന്നു.
മഴയുടെ പുരാസര്‍പ്പങ്ങള്‍
മിഴി രണ്ടിലും,ഉദ്ധരിച്ച ലിംഗത്തിലും
ആഞ്ഞാഞ്ഞു കൊത്തുന്നു
ഒരു മഴക്കമ്പി മീട്ടി നീ പാടുന്നു
ഒറ്റ മഴക്കാലില്‍ വിടരുന്ന-
നിന്റെ നൃത്തപുഷ്പ്പങ്ങള്‍
ഞാന്‍ വാസനിക്കുന്നു
മഴ എന്നെ മടിയിലിരുത്തി
മുല നല്‍കുന്നു
മറക്കുവാന്‍
മഴയില്‍ ഞാന്‍ മുഴുകുന്നു

(4)

കൃഷ്ണന്റെ മയില്പീലിമഴയില്‍
നനഞ്ഞ രാത്രിയില്‍
രാധയുടെ കണ്ണീല്‍
ഇന്നു നമുക്ക്‌ രാവുറങ്ങാം
യമുനയുടെ ആകാശത്തില്‍
വസന്തത്തിലെ പൂര്‍ണ്ണാചന്ദ്രനുദിക്കുമ്പോള്‍
പ്രണയത്താല്‍-
മോക്ഷപ്രാപ്തി ലഭിക്കുവാനീ
ജഡങ്ങളെ നമുക്കു പ്രദര്‍ശിപ്പിക്കാം
രാധയുടെ കണ്ണ്‌ -
മണ്ണീരകള്‍ക്ക്‌ തീറ്റകൊടുക്കുന്ന
ഒരപൂര്‍വ്വമഴവില്ലായ്‌ പുനര്‍ജ്ജനിക്കുമ്പോള്‍
കൃഷ്ണമഴയില്‍
എന്റെ തുളസിച്ചെടി
ഒരുമാത്ര ആനന്ദമറിയും
ഒരു മാത്ര മാത്രം!

(5)

മഴ ഉണങ്ങിപ്പോയിരിക്കുന്നു
എല്ലാ മുറിവുകളും മറന്നു പോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്‌
ഞാനും നീയും മാറിപ്പോയിരിക്കുന്നു


മറക്കുകയാണ്
എല്ലാം!


{ഷെല്‍ വിയുടെ ‘അലൌകികം എന്ന കവിതാസമാഹരത്തില്‍ നിന്ന്‌}